12:07pm 26 November 2026
NEWS
ഡ്രൈവിങ് ലൈസൻസ് നേടുക ഇനി എളുപ്പമാകില്ല; ഡിസംബർ മുതൽ പുതിയ പരീക്ഷ; ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധം
26/11/2026  11:45 AM IST
nila
ഡ്രൈവിങ് ലൈസൻസ് നേടുക ഇനി എളുപ്പമാകില്ല; ഡിസംബർ മുതൽ പുതിയ പരീക്ഷ; ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധം


 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാരീതിയിൽ മാറ്റം വരുന്നു. ഡിസംബർ മുതൽ നിലവിലുള്ള പരീക്ഷകൾക്കൊപ്പം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധമാക്കും. ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് പുറമെയാണ് പുതിയ പരീക്ഷ ഉൾപ്പെടുത്തുന്നത്.

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് വാഹനം നിയന്ത്രിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ തിരിച്ചറിയുന്നതിലെ വീഴ്ചയുമാണ് പല റോഡപകടങ്ങൾക്കും കാരണമാകുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.

നിലവിലെ രീതിയിൽ ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചാൽ 30 ദിവസത്തിനകം ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും അപേക്ഷിക്കാം. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ലേണേഴ്‌സ് പരീക്ഷ പാസായവർ ആദ്യം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും വിജയിക്കേണ്ടിവരും. ഈ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് അപേക്ഷിക്കാൻ സാധിക്കൂ.

റോഡിൽ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അപകടസാഹചര്യങ്ങൾ തിരിച്ചറിയാനുള്ള ശേഷിയാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിലൂടെ വിലയിരുത്തുക. ഇതിനായി വിവിധ അപകടസാഹചര്യങ്ങൾ ചിത്രീകരിച്ച പത്ത് വീഡിയോകൾ പരീക്ഷാർഥികൾക്ക് നൽകും. വീഡിയോകൾ നിരീക്ഷിച്ച് അപകടസാധ്യതയുള്ള സാഹചര്യങ്ങൾ കൃത്യമായി അടയാളപ്പെടുത്തണം.

പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്നവർക്കാണ് വിജയം. പുതിയ പരീക്ഷാരീതി നടപ്പാക്കുന്നതിലൂടെ ഡ്രൈവർമാരിൽ അപകടങ്ങളെക്കുറിച്ചുള്ള മുൻകരുതൽ ശേഷി വർധിപ്പിക്കാനും സുരക്ഷിതമായ ഡ്രൈവിങ് ശീലം വളർത്തിയെടുക്കാനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img